ഇന്ധന വില കൂടുന്നു ; നാല് ദിവസംകൊണ്ട് ഡീസല്‍ വില ലിറ്ററിന് 1.32 രൂപ കൂടിസാധാരണക്കാരുടെ കഷ്ടപ്പാട് വര്‍ധിപ്പിച്ച് രാജ്യത്ത് വീണ്ടും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് ലിറ്ററിന് 32 പൈസയുമാണ് ഇന്നലെ കൂട്ടിയത്.രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 101.64 രൂപയാണ് വില. ഡീസലിന് 89.87 രൂപ. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.71 രൂപ നല്‍കണം. ഡീസലിന് 97.52 രൂപയും വില രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസലിന് 95.11 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ 101.95 രൂപയും ഡീസല്‍ 94.90 രൂപയുമായിരുന്നു ഇന്നലെ വില.
കുറച്ചുദിവസങ്ങളായി സ്ഥിരത കൈവരിച്ചിരുന്ന ഇന്ധനവില അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായതോടെ വീണ്ടും ഉയരുകയായിരുന്നു. കേരളമടക്കം 15 സംസ്ഥാനങ്ങളില്‍ ഇന്ധനവില നൂറു രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. നാല് ദിവസംകൊണ്ട് ഡീസല്‍ വിലയിൽ ലിറ്ററിന് 1.32 രൂപയുടെ വര്‍ധന രേഖപ്പെടുത്തി.
രാജ്യത്തെ ഇന്ധനവിലയുടെ പകുതിയിലേറെയും കേന്ദ്ര‑സംസ്ഥാന നികുതികളാണ്. എക്സൈസ് തീരുവയിനത്തില്‍ മാത്രം ഈ സാമ്പത്തികവര്‍ഷം നാലരലക്ഷം കോടിയുടെ റെക്കോഡ് വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് വര്‍ധിക്കുന്ന വില പിന്നീട് കുറവിന് അനുസൃതമായി ഇന്ത്യയില്‍ താഴാറില്ല. വില കുറഞ്ഞുനിന്ന ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ പെട്രോളിന് 65 പൈസയും ഡീസലിന് 1.25 രൂപയും മാത്രമായിരുന്നു കുറച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ധനവില കൂട്ടിയിരുന്നില്ല.