പ്രവാസി കളെ തഴഞ്ഞു പുതിയ ബജറ്റ് ;


 തിരുവനന്തപുരം ;പ്രവാസി ദ്രോഹ നടപടികളില്‍ സര്‍വകാല റെക്കോഡിട്ടതില്‍ പ്രവാസ ലോകത്താകെ പ്രതിഷേധം കത്തിക്കാളുന്നു.

ജനസംഖ്യയില്‍ ഒരു ശതമാനം വരുന്ന പ്രവാസികള്‍ ദേശീയ വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവഹിക്കുന്നതെന്ന് ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ സാമ്പത്തികസര്‍വേയില്‍ വെളിപ്പെടുത്തിയിരുന്നത്. 2021ല്‍ മാത്രം 6.52 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത്. ഇതിനുപുറമേ സംരംഭകങ്ങളില്‍ നിക്ഷേപിച്ചതും സഹസ്രകോടികളാണ്. പ്രവാസികള്‍ നല്കുന്ന വായ്പകളടക്കം 16 ലക്ഷം കോടിയിലധികം രൂപ ഈ വര്‍ഷം ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയും സര്‍വേയിലുണ്ട്. ഗള്‍ഫ് മേഖലയിലെ 1.4 കോടിയുള്‍പ്പെടെ ലോകത്താകെ 3.21 കോടി ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡും സാമ്പത്തികമാന്ദ്യവും കാരണം തൊഴില്‍ നഷ്ടപ്പെട്ട് ലക്ഷക്കണക്കിനു പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ മൊത്തം പ്രവാസി ജനസംഖ്യയില്‍ കുറവുണ്ടായേക്കാം.

ലക്ഷക്കണക്കിന് കോടി രൂപ പ്രവാസിപ്പണമായി ഇന്ത്യയിലേക്കൊഴുകുന്നുവെങ്കിലും പ്രവാസിക്ഷേമം എന്ന ഒരൊറ്റ വാക്കുപോലും ഉരിയാടാത്തതാണ് ഇപ്പോഴത്തെ കേന്ദ്ര ബജറ്റെന്നതും ശ്രദ്ധേയം. വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നതു തടയാന്‍പോലും ശ്രമിക്കുന്നില്ല. തൊഴില്‍ നെെപുണ്യ പരിശീലന പദ്ധതികള്‍ക്കു വലിയ ചെലവില്ലെങ്കിലും അതേക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമില്ല.
മനുഷ്യക്കടത്തു മാഫിയകള്‍ തഴച്ചുവളരാന്‍ സഹായിക്കുന്ന നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യാമെന്ന വാഗ്ദാനവും പാഴ്‌വാക്കായി. വിദേശജോലിക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ലെെസന്‍സുള്ള സ്ഥാപനങ്ങള്‍ തൊഴില്‍രഹിതരില്‍ നിന്നും പ്രതിവര്‍ഷം ഇന്ത്യയൊട്ടാകെ വാങ്ങിക്കൂട്ടുന്നത് 23,000 കോടിയില്‍പരം രൂപയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ കണക്കുകൂട്ടുന്നു. അനധികൃത കറക്കുകമ്പനികള്‍ റിക്രൂട്ട്മെന്റിലൂടെ തട്ടുന്നത് ഇതിലേറെ തുക. ഉഡായിപ്പ് റിക്രൂട്ട് കമ്പനികള്‍ വഴി വിദേശത്ത് എത്തുന്നവര്‍ പലരും വ്യാജവിസ വഴി കബളിപ്പിക്കപ്പെടുന്നവരും.

ഇതു നിയന്ത്രിക്കാന്‍ പുതുതായി കൊണ്ടുവരുന്ന കുടിയേറ്റ ബില്‍ മനുഷ്യക്കടത്തുകാര്‍ക്ക് കവചമൊരുക്കുന്നതാണെന്ന് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബില്‍ ഈയിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ മനുഷ്യക്കടത്തുകാര്‍ക്കും വ്യാജ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും കുടചൂടുംവിധമുള്ള ഭേദഗതികളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യക്കടത്തു മാഫിയകളില്‍ നിന്നു തൊഴില്‍ തേടുന്നവരെ രക്ഷിക്കാന്‍ കേരളത്തിന്റെ നോര്‍ക്ക‑റൂട്ട്സ് മാതൃകയില്‍ ഒരു കേന്ദ്ര പ്രവാസി റിക്രൂട്ട്മെന്റ് രൂപീകരിക്കണമെന്ന ദീര്‍ഘകാലാവശ്യവും കേന്ദ്രം തള്ളിക്കളഞ്ഞിരിക്കുന്നു. 

പ്രവാസികള്‍ നാട്ടില്‍ നിക്ഷേപം നടത്താന്‍ സഹായകമായ ഒരൊറ്റ പദ്ധതിപോലും കേന്ദ്രത്തിനില്ല. ഈ മഹാമാരിക്കാലത്ത് കാരുണ്യത്തിനായി നീട്ടുന്ന പ്രവാസികരങ്ങളെ തല്ലിയൊടിക്കുകയാണെന്ന് കേരള ലോകസഭാംഗങ്ങളായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ബാബു വടകര, എ കെ ബിരാല്‍ കുട്ടി, കേരളാ സോഷ്യല്‍ സെന്റര്‍ വെെസ് പ്രസിഡന്റ് റോയ് വര്‍ഗീസ്, യുഎഇ യുവകലാസാഹിതി നേതാക്കളായ ശങ്കര്‍ തോപ്പില്‍, സുനീര്‍, അനില്‍, പ്രേംലാല്‍, റഷീദ് പാലക്കല്‍, ജയ്‌പാല്‍ ചന്ദ്രസെന്‍, സൗദിയിലെ ‘നവയുഗം’ കേന്ദ്ര കമ്മിറ്റി എന്നീ സംഘടനകളും നേതാക്കളും അപലപിച്ചു 

Previous Post Next Post