മലയാള ഭാഷയുടെ ശ്രേഷ്ഠത വായനക്കാരിലെത്തിക്കുന്നതിന് പെരുമ്പടവത്തിനു കഴിഞ്ഞു: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മലയാള ഭാഷയുടെ ശ്രേഷ്ഠത ഇതരഭാഷകളിലൂടെ ലോകത്തെ വായനക്കാരിലെത്തിക്കുന്നതിന് പെരുമ്പടവത്തിന് കഴിഞ്ഞുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ ശതാഭിഷക്തനായ പെരുമ്പടവം ശ്രീധരനെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മലയാളഭാഷ ശേഷ്ഠ ഭാഷയാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ പെരുമ്പടവം വലിയ പങ്കുവഹിച്ചിട്ടുണ്ട്. വേദനിക്കുന്നവരുടെ എഴുത്തുകാരനാണ് പെരുമ്പടവമെന്നും ഇനിയും മികച്ച രചനകള്‍ പെരുമ്പടവത്തില്‍ നിന്നുണ്ടാകട്ടെയെന്നും ഉമ്മന്‍ ചാണ്ടി പ്രത്യാശിച്ചു. തിരുവനന്തപുരം തമലത്ത് പെരുമ്പടവത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പൊന്നാടയും പ്രത്യേകം രൂപകല്പന ചെയ്ത ഫലകവും നല്‍കിയാണ് പെരുമ്പടവത്തെ ആദരിച്ചത്. ഡി.സി.സി പ്രസിഡണ്ട് പാലോട് രവി അധ്യക്ഷത വഹിച്ചു. പെരുമ്പടവം ജന്മദിന കേക്ക് മുറിച്ച് അതിഥികള്‍ക്കും കുടും: ബാംഗങ്ങള്‍ക്കും നല്‍കി. എന്നും ഏകനായ യാത്രക്കാരനാണ് താനെന്നും ഇത്തരം സൗഹൃദങ്ങളാണ് തന്നെ ആഹ്ലാദിപ്പിക്കുന്നതെന്നും അതാണ് തന്റെ മനസിന്റെ ശക്തിയെന്നും നന്ദി പ്രസംഗത്തില്‍ പെരുമ്പടവം പറഞ്ഞു. വസതിയോട് ചേര്‍ന്ന് മുറ്റത്തൊരുക്കിയ ലളിതമായ ചടങ്ങില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, എം.ആര്‍ തമ്പാന്‍, അജിത് വെണ്ണിയൂര്‍, വി.ആര്‍ പ്രതാപന്‍, രാജേഷ് മണ്ണാമ്മൂല, സുമേഷ് കൃഷ്ണന്‍, ചെമ്പഴന്തി അനില്‍, വിനോദ് സെന്‍, തമലം കൃഷ്ണന്‍കുട്ടി, വീണ എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. പെരുമ്പടവത്തിന്റെ മകള്‍ അല്ലി, മരുമകന്‍ ടൈറ്റസ് കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.