നഗരസഭ പരിധിയിലെ കശാപ്പുശാലകളില്‍
ആരോഗ്യ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
നെയ്യാറ്റിന്‍കര
: നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ കശാപ്പുശാലകളില്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷ
വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. കോവിഡ് -19 രോഗസാഹചര്യം
കണക്കിലെടുത്ത് പൊതുസമൂഹത്തിന്‍റെ സുരക്ഷിതാരോഗ്യം കണക്കിലെടുത്ത് നഗരസഭ
ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍റെ നിര്‍ദേശം
അനുസരിച്ചായിരുന്നു പരിശോധന. ആരോഗ്യ വിഭാഗത്തിലെയും ഭക്ഷ്യ സുരക്ഷാ
വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെയും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെയും
യോഗം കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ വിളിച്ചു
ചേര്‍ത്തിരുന്നു. നഗരസഭ പരിധിയില്‍ അനാരോഗ്യകരമായ സാഹചര്യത്തില്‍ മാംസ
വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം
ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ചെയര്‍മാന്‍ അടിയന്തര യോഗം വിളിച്ചുകൂട്ടിയത്.
മാംസം മൊത്തമായും ചില്ലറയായും വില്‍പ്പന ചെയ്യുന്ന തട്ടുകള്‍ അടക്കമുള്ള
കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും ആരോഗ്യ സുരക്ഷയ്ക്കു വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനും
യോഗത്തില്‍ തീരുമാനമായി. നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ വഴിമുക്ക്
മുതല്‍ അമരവിള താന്നിമൂട് വരെയും ഓലത്താന്നി മുതല്‍ പെരുന്പഴുതൂര്‍
വരെയുമുള്ള മാംസ വില്‍പ്പന കേന്ദ്രങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെയും
ഭക്ഷ്യസുരക്ഷ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ ഏഴരയോടെ പരിശോധന
ആരംഭിച്ചു. 19 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. നഗരസഭ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ മധുകുമാര്‍, ഭക്ഷ്യ സുരക്ഷ വിഭാഗം നെയ്യാറ്റിന്‍കര
സര്‍ക്കിള്‍ ഓഫീസര്‍ അനിജ, കോവളം സര്‍ക്കിള്‍ ഓഫീസര്‍ ജയകുമാര്‍ നഗരസഭ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമ്യശ്രീ , സരിഗ , ആശ്വതി കൃഷ്ണ, സിന്ധു
എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. മാംസം
വില്‍ക്കുന്നയിടങ്ങളില്‍ പാലിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ സംബന്ധിച്ച്
ഉദ്യോഗസ്ഥര്‍ അവശ്യ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഈ കേന്ദ്രങ്ങള്‍
സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും ചെയ്തു.
ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള അറവുശാലകള്‍ യാതൊരു
കാരണവശാലും അനുവദിക്കില്ലായെന്നും പരിശോധനകള്‍ തുടരുമെന്നും മതിയായ
മാര്‍നിര്‍ദേശങ്ങള്‍ പാലിക്കാത്ത കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി
സ്വീകരിക്കുമെന്നും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെ. ജോസ്
ഫ്രാങ്ക്ളിന്‍ അറിയിച്ചു.