പ്രവാസിയുടെ കരുതൽ ; അത്തോളി പഞ്ചായത്തിൽ പൊതു കളിസ്ഥലം യാഥാർത്ഥ്യമാകുന്നു.



നാട്ടുകാരനായ പ്രവാസിയുടെ കരുതൽ ; അത്തോളി പഞ്ചായത്തിൽ

പൊതു കളിസ്ഥലം യാഥാർത്ഥ്യമാകുന്നു.


ബാലുശ്ശേരി : പ്രവാസിയുടെ കരുതലിൽ പഞ്ചായത്തിന്റെ ചിരകാല അഭിലാഷമായ പൊതു കളിസ്ഥലം
യാഥാർത്ഥ്യമാകുന്നു.
പ്രവാസിയും മുസ്ലീം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റുമായ സാജിദ് കോറോത്താണ്  പഞ്ചായത്ത് ഓഫീസിന് സമീപം കിഴക്കയിൽ മീത്തലിലുള്ള  1 ഏക്കർ 11 സെന്റ് ഭൂമി പൊതു കളിസ്ഥലമാക്കി വിട്ട് നൽകാനുള്ള സമ്മത പത്രം  കൈമാറിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ , സമ്മത പത്രത്തിന്റെ രേഖ സാജിദ് കോറോത്തിൽ നിന്നും ഏറ്റുവാങ്ങി.

പഞ്ചായത്തിന് ഒരു പൊതു കളിസ്ഥലം ഇല്ലന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് ഭൂമി വിട്ട് നൽകുന്നത്. അത്തോളി ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെയും കായിക പ്രേമികളുടെയും നിരന്തര അഭ്യർത്ഥനയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് സാജിദ് പറഞ്ഞു. കളിസ്ഥലം അത്തോളിക്കാരനായ മുൻ മുഖ്യ മന്ത്രിയുടെ പേരിണമെന്ന് സാജിദ് കോറോത്ത് പഞ്ചായത്ത് ഭരണ സമിതിയോട് അഭ്യർത്ഥിച്ചു.

ഏറ്റെടുത്ത ഭൂമിയിൽ ആധുനിക രീതിയിലുള്ള മിനി സ്റ്റേഡിയം  നിർമ്മിക്കുമെന്നും
സ്ഥലം രേഖ മൂലം ലഭ്യമാകുന്ന പക്ഷം സ്ഥലത്തേക്കുള്ള റോഡ് നിർമ്മിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാമചന്ദ്രൻ പറഞ്ഞു. 6 മാസത്തിനകം സ്റ്റേഡിയം പണി പൂർത്തിയാക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ ആധ്യക്ഷ്യം വഹിച്ചു. വാർഡ് മെമ്പർമാരായ
ബിന്ദു രാജൻ , സുനീഷ് നടുവിലയിൽ ,എ എം വേലായുധൻ, ബൈജു കൂമുള്ളി , ശാന്തി മാവീട്ടിൽ  എന്നിവരും വിവിധ രാഷ്ടീയ കക്ഷി പ്ര നിധികളായ ജൈസൽ കമ്മോട്ടിൽ, പി.കെ രാജൻ , എം സി ഉമ്മർ , സി എം സത്യൻ തുടങ്ങിയവരും പ്രസംഗിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം സരിത സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി - എ. ഇന്ദു നന്ദിയും പറഞ്ഞു.
Previous Post Next Post