ചലച്ചിത്ര മേള അരികെ; മേളയിലെ സീറ്റിനെ ചൊല്ലിയുള്ള ആശങ്കതുടരുന്നു .

 


ചലച്ചിത്ര മേള  അരികെ; മേളയിലെ സീറ്റിനെ ചൊല്ലിയുള്ള ആശങ്കതുടരുന്നു .


കേരളത്തിന്റെ ചലച്ചിത്ര മാമാങ്കത്തിനു മാർച്ചിൽ വീണ്ടും തിരശീല ഉയരുമ്പോൾ മലയാളികളായ ചലച്ചിത്ര പ്രേമികൾക്കു മുന്നിലുള്ളതു മേളയിലെ സീറ്റിനെ ചൊല്ലിയുള്ള ആശങ്ക.കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്ന തിയറ്ററുകളിലെ മുഴുവൻ സീറ്റിലും സർക്കാർ പ്രവേശനം അനുവദിച്ചില്ലെങ്കിൽ  സിനിമ ആസ്വദിക്കാൻ എത്തുന്നവർക്ക് വെറും 3750 സീറ്റ് മാത്രമേ ഉണ്ടാകൂ. അതിന് അനുസരിച്ച് ഡെലിഗേറ്റുകളുടെ എണ്ണവും കാര്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും.കോവിഡ് തരംഗത്തിനു ശേഷം വീണ്ടും പഴയ പ്രതാപത്തോടെ അരങ്ങേറാൻ പോകുന്ന മേളയിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നവരെ നിരാശരാക്കുന്ന കാര്യമാണിത്. പകുതി


ആളുകളെയുമായി ചലച്ചിത്രോത്സവം നടത്തുന്നതു  നിറപ്പകിട്ടിനെയും കാര്യമായി ബാധിക്കും.
എന്നാൽ തിയറ്ററുകളിലെ മുഴുവൻ സീറ്റിലും പ്രവേശനം അനുവദിച്ചാൽ 7500 സീറ്റ് ലഭ്യമാകും.മേളയ്ക്ക്  9000 ഡെലിഗേറ്റുകളെ എങ്കിലും അനുവദിക്കാനും കഴിയും.ചലച്ചിത്രോത്സവത്തിന് എത്തണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു പങ്ക് ആളുകളെയും ഉൾക്കൊള്ളാൻ ഇതിലൂടെ സാധിക്കും.മുൻകാലങ്ങളിലെ നിറപ്പകിട്ടോടെ വീണ്ടും ഉത്സവം നടത്താം. കഴിഞ്ഞ വർഷം അവസാനം നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവം മാർച്ച് 18 മുതൽ 25 വരെ നടത്താനാണു സർക്കാർ തീരുമാനം.മാർച്ചിൽ കോവിഡ് പൂർണമായും നിയന്ത്രണ വിധേയമാവുകയും തിയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രേക്ഷകരെ അനുവദിക്കുകയും ചെയ്യുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.അങ്ങനെയെങ്കിൽ പഴയ പ്രതാപത്തോടെ മേള നടക്കും.നിശാഗന്ധി ഉൾപ്പെടെ 14 തിയറ്ററുകളിലാണു മേള അരങ്ങേറുക. എട്ടു ദിവസം നീളുന്ന ചലച്ചിത്രോത്സവം നിശാഗന്ധിക്കു പുറമേ, ടഗോർ,കലാഭവൻ,അജന്ത,ശ്രീപത്മനാഭ,കൃപ,ഏരീസ് പ്ലക്സ്,കൈരളി,ശ്രീ,ന്യൂ എന്നിവിടങ്ങളിലെ 14 സ്ക്രീനുകളിലാണ്  നടക്കുക.

മേളയിൽ   180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. പതിവു പോലെ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ രാജ്യാന്തര മത്സര വിഭാഗത്തിൽ 14 ചിത്രങ്ങൾ ഉണ്ടാകും. മാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ളവരുടെ ഏറ്റവും പുതിയ  90 സിനിമകൾ അടങ്ങുന്ന  ലോക സിനിമാ വിഭാഗം ആണ് മേളയുടെ മുഖ്യ ആകർഷണം. ‘ഇന്ത്യൻ സിനിമ നൗ’  എന്ന വിഭാഗത്തിൽ തിരഞ്ഞെടുത്ത 7 സിനിമകൾ പ്രദർശിപ്പിക്കും.‘മലയാള സിനിമ ടുഡേ’  വിഭാഗത്തിൽ 12 മലയാള ചിത്രങ്ങൾ  ആണു പ്രദർശിപ്പിക്കുക.അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സിനിമകൾ അടങ്ങുന്ന  റിട്രോസ്‌പെക്റ്റീവ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിയാഫിന്റെ അംഗീകാരമുള്ള വിദേശ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമകളും മാസ്റ്റേഴ്സിന്റെ ചിത്രങ്ങളും അടങ്ങിയ ‘കാലിഡോസ്കോപ്’ എന്ന പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും


Previous Post Next Post