വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ഒരാൾ അറസ്റ്റില്‍


 മുംബൈ ;ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ ഒമ്പതുമാസം മാത്രം പ്രായമായ മകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 

ഹൈദരാബാദ് സ്വദേശിയായ രാംനാഗേഷ് ശ്രീനിവാസ് അക്കുഭട്ടിനി(23)യാണ് മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഇയാള്‍ ഒരു ഭക്ഷണവിതരണ ആപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക്  വലതുപക്ഷ സംഘടനകളുമായും ബന്ധമുണ്ടെന്ന് ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു.

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് വിരാട് കോലിക്കും ഭാര്യ അനുഷ്ക ശര്‍മ്മക്കും മകള്‍ വാമികയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നുവന്നത്. ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്ന. ബലാത്സംഗ ഭീഷണിയില്‍ ഡൽഹി വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ട് കേസെടുത്തിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്വേഷ പ്രചരണങ്ങള്‍ക്കിരയായ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിലും വിരാട് കോലിക്കെതിരെ ഭീഷണികളും വിദ്വേഷ പോസ്റ്റുകളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. അന്വേഷണം തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയിരിക്കുന്നത്. 

Previous Post Next Post