പീഡനം ; കൊല്ലത്ത് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ചു
കൊല്ലം :
ശാസ്താംകോട്ട കിഴക്കേ
കല്ലടയിൽ ഭർതൃമാതാവിന്റെ നിരന്തര പീഡനത്തെ തുടർന്ന് ബന്ധുക്കൾക്ക് ശബ്ദ
സന്ദേശമയച്ച ശേഷം വീട്ടിലെ കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ചു.എഴുകോൺ
ഇടയ്ക്കിടം സ്വദേശിനിയും കിഴക്കേ കല്ലട ഉപ്പൂട് കൊച്ചുപ്പൂട്ടിൽ വീട്ടിൽ
അജയന്റെ ഭാര്യയുമായ സുവ്യ(32) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 8.30 ഓടെയാണ്
സുവ്യയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.സംഭവ സമയം 7
വയസ്സുള്ള മകനും ഭർതൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഭർത്താവ്
തൊട്ടടുത്ത കുടുംബ ക്ഷേത്രത്തിൽ പോയി മടങ്ങി വന്നപ്പോഴാണ് മുറി അടഞ്ഞു
കിടക്കുന്നത് കണ്ടത്.തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് കതക്
ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് സുവ്യയെ ആശുപത്രിയിൽ എത്തിച്ചത്.കുണ്ടറ
കാഞ്ഞിരകോട് ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം
സംഭവിച്ചിരുന്നു.പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊല്ലം ഗവ.മെഡിക്കൽ കോളേജ്
ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.ഇന്നലെ എഴുകോണിലെ
വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.2014 ലാണ് എം.സി.എ ബിരുദധാരിയായ സുവ്യയും
പെയിന്റിങ് ജോലിക്കാരനായ അജയനും തമ്മിലുള്ള വിവാഹം നടന്നത്.ഇരുവരും തമ്മിൽ
കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലായിരുന്നുവെന്ന് അയൽവാസികൾ
പറയുന്നു.എന്നാൽ ഭർതൃമാതാവ് വിജയമ്മ നിരന്തരമായി സുവ്യയെ
പീഡിപ്പിച്ചിരുന്നതായാണ് വിവരം.നിസാര കാര്യങ്ങൾക്കു പോലും ദിവസവും
വഴക്കുണ്ടാക്കുക പതിവായിരുന്നു.സുവ്യയ്ക്ക് ജോലി കിട്ടാത്തതിലും ബാങ്ക് ലോൺ
എടുക്കുന്നത് സംബന്ധിച്ചും മിക്കപ്പോഴും ഇവർ
വഴക്കുണ്ടാക്കുമായിരുന്നു.സംഭവം നടന്ന ദിവസവും രാവിലെ മുതൽ വീട്ടിൽ
വഴക്കായിരുന്നു.’ ഞാൻ പോവുകയാ.. എനിക്കീ ജീവിതമൊന്നും വേണ്ട എല്ലാവരോടും
പറഞ്ഞേക്കണം.. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവിടുത്തെ വിജയമ്മയാണ്
കാരണക്കാരി’ എന്നു തുടങ്ങുന്ന ശബ്ദ സന്ദേശം സുവ്യ മാതാവിന്റെ സഹോദരിക്ക്
അയച്ചു കൊടുത്ത ശേഷമാണ് ആത്മഹത്യ ചെയ്തത്.ഭർത്താവും ഭർതൃമാതാവും സുവ്യയെ
പതിവായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ഇരുവർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.