ആറുമാസം പിന്നിട്ട് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം
നെയ്യാറ്റിൻകര: ആറുമാസം പിന്നിട്ട നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പിന്നിട്ടത് അമ്പത് സുന്ദര യാത്രകൾ. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലൂടെ ആരംഭിച്ച ഉല്ലാസ യാത്രാ പദ്ധതി കൊല്ലത്തെ മൺറോതുരുത്ത്, ആലപ്പുഴ കുട്ടനാട്ട് ടൂറിസം, വാഗമൺ, മൂന്നാർ, എറണാകുളത്തെ കപ്പൽ യാത്ര തുടങ്ങിയ വൈവിധ്യ സമ്പുഷ്ടങ്ങളായ ട്രിപ്പുകൾ ഏറ്റെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗം യാത്രക്കാരുടെയും താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യങ്ങളായ യാത്രാ പദ്ധതികൾ ആണ് ബി.ടി.സി. തയ്യാറാക്കിയത്. ലഹരിക്കെതിരായ പ്രതിരോധം തീർത്ത് ലഹരി നിർമ്മാർജന സന്ദേശ യാത്ര സംഘടിപ്പിച്ചതും, പുസ്തകദിനത്തിൽ ഉല്ലാസ യാത്രക്കൊപ്പം ഗ്രാമീണ ഗ്രന്ഥശാലകളിലേക്ക് പുസ്തക സംഭാവന കൈമാറിയതും സമൂഹത്തിന്റെ കയ്യടി നേടി. യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മകൾ രൂപീകരിച്ച് സമൂഹത്തിലെ വിഷയങ്ങളിൽ ഇടപെടുന്നതും ശ്രദ്ധേയമായി. ഡിപ്പോയുടെ വ്യത്യസ്ത പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോ ടൂറിസം പ്രവർത്തനങ്ങൾക്കായി ഡീലക്സ് എയർബസ് നൽകി. സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് എ.സി. ബസ് ഉപയോഗിച്ച് ടൂർ നടത്തിയത് നെയ്യാറ്റിൻകര യൂണിറ്റിലാണ്. വിനോദ യാത്രകളിലായി ഇതിനകം ഇരുപത്തിഅഞ്ച് ലക്ഷത്തോളം രൂപ ലാഭ ഇനത്തിൽ ഡിപ്പോക്ക് നേടാനായി. രാമായണ മാസത്തിൽ നാലമ്പല തീർത്ഥാടകർക്കായി ഇതിനകം നാല് യാത്രകൾ നെയ്യാറ്റിൻകരയിൽ നിന്ന് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നിന്ന് അമ്പതാമത്തെ ഉല്ലാസ യാത്രയിൽ കൊല്ലം അഡ്വഞ്ചർ ക്ലബിൽ വച്ച് യാത്രക്കാർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. യാത്രക്കാർക്കായി രചനാ മത്സരങ്ങളും ക്വിസ് ഉൾപ്പെടെയുള്ള മത്സരങ്ങളും സ്ഥിരമായി സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്കായി വിവിധ പ്രഗത്ഭരെ പങ്കെടുപ്പിച്ച് ക്യാമ്പ് ടൂറുകളും ടൂറിസം സെൽ സംഘടിപ്പിക്കാറുണ്ട്. യാത്രക്കാർക്ക് വൻ ഇളവുകളോടെ പാക്കേജ് രൂപത്തിൽ ആണ് യാത്രാ പദ്ധതികൾ. ഓണക്കാലത്ത് ഗവി, വയനാട്, പാലരുവി, തെന്മല ഉൾപ്പെടെ പുതിയ സ്ഥലങ്ങളിലേക്കും അന്തർസംസ്ഥാന ടൂറിസം ഹബ്ബുകളായ കന്യാകുമാരി , വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്കും നെയ്യാറ്റിൻകരയിൽ നിന്ന് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ട്. റസിഡന്റ്സ് അസോസിയേഷനുകൾ , കുടുംബ കൂട്ടായ്മകൾ, മഹിളാ സമാജങ്ങൾ, ക്ലബുകൾ, സ്കൂളുകൾ എന്നിവക്കായി ഗ്രൂപ്പ് ടൂറുകളും ആവശ്യാനുസരണം ടൂറിസം സെൽ ക്രമീകരിക്കുന്നതാണ്. താമസ സൗകര്യം ഉൾപ്പെടുത്തിയ യാത്രാ പാക്കേജുകളിൽ കുടുംബങ്ങൾക്ക് വെവ്വേറെ താമസ ക്രമീകരണം ആണ് ഒരുക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ ഡിപ്പോതല കോ ഓർഡിനേഷൻ കമ്മറ്റിക്ക് ചെയർമാൻ എസ്.മുഹമ്മദ് ബഷീർ, കോ ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, കൺവീനർ ടി.ഐ. സതീഷ് കുമാർ , ജോയിന്റ് കോ ഓർഡിനേറ്റർമാരായ എസ്.ജി.രാജേഷ്, കെ.എസ്. ജയശങ്കർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
പിന്നിട്ട അമ്പത് യാത്രകളുടെ വൈവിധ്യത്തിന്റെയും യാത്രക്കാരുടെ മികച്ച പ്രതികരണത്തിന്റെയും പശ്ചാത്തലത്തിൽ നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെല്ലിനെ കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് അഭിനന്ദിച്ചു. ഇക്കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ജേക്കബ്ബ് സാം ലോപ്പസ്, സറ്റേറ്റ് കോ - ഓർഡിനേറ്റർ പ്രശാന്ത് എന്നിവർ ഡിപ്പോയിൽ എത്തി ടൂറിസം സെൽ കോ - ഓർഡിനേഷൻ കമ്മറ്റിയെ അഭിനന്ദിച്ചു. ആഗസ്റ്റ് പത്ത് ബുധനാഴ്ച ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ വച്ച് സംഘടിപ്പിച്ചിട്ടുള്ള "അമ്പതിന്റെ നിറവിൽ " എന്ന ചടങ്ങ് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിംസ് എം.ഡി. ഫൈസൽഖാൻ എന്നിവർ പങ്കെടുക്കും. വിവിധ മത്സര വിജയി കൾക്കും കൂടുതൽ യാത്രകൾ ചെയ്തവർക്കും കൂട്ടായ്മ യാത്രകൾ ഒരുക്കിയ സംഘടനകൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിക്കും.
photo ;
നെയ്യാറ്റിൻകരയിൽ നിന്നുള്ള അമ്പതാമത് ഉല്ലാസ യാത്രയിൽ കൊല്ലത്തെ അഡ്വഞ്ചർ ക്ലബ്ബിൽ വച്ച് യാത്രക്കാർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്നു.