ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; കേരളത്തിൽ ചെറുപ്പക്കാർക്ക് അവസരങ്ങളില്ല: നരേന്ദ്ര മോദി.


 ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിൽ; കേരളത്തിൽ  ചെറുപ്പക്കാർക്ക് അവസരങ്ങളില്ല: നരേന്ദ്ര മോദി.


കൊച്ചി ∙ ഇന്ത്യ അമൃതകാലത്തിലൂടെ മുന്നേറുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനിയിൽ ‘യുവം 2023’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കൾക്ക് മാറ്റങ്ങൾ വരുത്താൻ ശേഷിയുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലെ ‘യുവം’ അതിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി.
‘‘മഹാത്യാഗികളുടെ തുടർച്ചയാണ് കേരളത്തിലെ യുവത. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി. കേരളത്തിൽ നിന്നുള്ള മഹത് വ്യക്തികൾ യുവാക്കൾക്ക് പ്രചോദനമാകണം. ആദി ശങ്കരൻ, ശ്രീനാരായണ ഗുരു അടക്കമുള്ളവരുടെയും സ്വാതന്ത്ര്യ സമരസേനാനികളെയും സംഭാവനകൾ മഹത്തരമാണ്.
യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. ബിജെപിക്കും യുവാക്കൾക്കും ഒരേ കാഴ്ചപ്പാടാണ്. യുവാക്കൾക്ക് അവസരം നൽ‌കിയത് ബിജെപിയാണ്. ബിജെപി സൃഷ്ടിക്കുന്ന മാറ്റം യുവാക്കൾക്ക് ഗുണം ചെയ്യും. കേരള സർക്കാർ യുവാക്കളെ അവഗണിച്ചു. െതാഴിൽമേള നടത്താൻ കേരളത്തിന് മടിയാണ്. എന്നാൽ, ബിജെപി ഭരിക്കുന്നിടത്തെല്ലാം തൊഴിൽമേള നടത്തി. പല പ്രതിഭകളെയും ആദരിച്ചത് ബിജെപി സർക്കാരാണ്. മുൻപ് ഭരിച്ചവർ കുംഭകോണമാണ് നടത്തിയത്.

കേരളത്തിലെത്തുമ്പോൾ പ്രത്യേക ഊർജം ലഭിക്കുന്നു. ജി20 യോഗം നടന്നപ്പോൾ കേരളീയർ മികവുകാട്ടി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തും. വ്യവസായ വികസനം ഉറപ്പാക്കും. ചെറുപ്പക്കാർക്ക് കേരളത്തിൽ അവസരങ്ങൾ നിഷേധിക്കുന്നു’’– പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിൽ മലയാളികൾക്ക് മുന്നേറാൻ അവസരമുണ്ടെന്നും പ്രധാമന്ത്രി പറഞ്ഞു.
സ്വർണക്കടത്ത് കേസ് പരാമർശിച്ച പ്രധാനമന്ത്രി, ചിലരുടെ ശ്രദ്ധ സ്വർണക്കടത്തിലാണെന്നും അവരുടെ അധ്വാനം അതിനുവേണ്ടിയാണെന്നും പറഞ്ഞു. യുഡിഎഫിനെയും എൽഡിഎഫിനെയും
പ്രധാനമന്ത്രി വിമർശിച്ചു. ഒരു കൂട്ടർ പാർട്ടി താൽപര്യങ്ങൾക്ക് പ്രധാന്യം നൽകുന്നു. മറ്റൊരു കൂട്ടർ ഒരു കുടുംബത്തിന് പ്രാധാന്യം നൽകുന്നു. ഇരുവരും ചേര്‍ന്ന് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി. ബിജെപി ഭരണം കേരളത്തിലും വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുതിർന്ന ബിജെപി നേതാക്കൾക്കൊപ്പം, അടുത്തിടെ ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും നടിമാരായ അപർണ ബാലമുരളി, നവ്യാ നായർ, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടന്മാരായ ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു
Previous Post Next Post