സിദ്ധാർഥനു സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ച; ക്രൂരമായ കാഴ്ച, ദയവുചെയ്ത് എസ്എഫ്ഐയെ പിരിച്ചുവിടണം’


 സിദ്ധാർഥനു സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ച;

 ക്രൂരമായ കാഴ്ച, ദയവുചെയ്ത് 

എസ്എഫ്ഐയെ പിരിച്ചുവിടണം’

തിരുവനന്തപുരം ∙ വയനാട്ടില്‍ സിദ്ധാർഥനു സംഭവിച്ച ദുരന്തത്തിന്റെ തുടര്‍ച്ചയാണു കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് ക്രൂരതയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രമേയുള്ളൂ. ക്രൂരമായ പീഡന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് കേരളത്തിലെ പല കോളജ് ഹോസ്റ്റലുകളിലും നടക്കുന്നുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിയുള്ള വിദ്യാർഥിയെവരെ യൂണിയന്‍ റൂമിലെ ഇടിമുറിയില്‍ കൊണ്ടു പോയി മര്‍ദിച്ചു.

പൂക്കോട് സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐക്കാരെ സംരക്ഷിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തു നിന്നുണ്ടായി. കോട്ടയം നഴ്‌സിങ് കോളജിലും റാഗിങ്ങിന് നേതൃത്വം നല്‍കിയത് എസ്എഫ്ഐയുമായി ബന്ധമുള്ള സംഘടനയുടെ സംസ്ഥാന സെക്രട്ടറിയാണ്. ദയവുചെയ്ത് എസ്എഫ്ഐയെ പിരിച്ചുവിടുകയാണ് സിപിഎം ചെയ്യേണ്ടത്.

പുരോഗമന ചിന്തയുള്ള വിദ്യാർഥി സമൂഹത്തെയാണ് റാഗിങ്ങിലൂടെ ഇവര്‍ 40 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകുന്നത്. ലഹരിമരുന്നിനും മദ്യത്തിനുമുള്ള പണത്തിന് വേണ്ടിയാണ് ഇവര്‍ വിദ്യാർഥികളെ ആക്രമിക്കുന്നത്. പട്ടിക ജാതി വിദ്യാർഥികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റലിലാണ് ഇത്രയും വലിയ ക്രൂരതയുണ്ടായത്. എത്ര കഷ്ടപ്പെട്ടാണ് മാതാപിതാക്കള്‍ കുട്ടികളെ കോളജിലേക്ക് അയയ്ക്കുന്നത്?

കോളജില്‍ ചെന്നാല്‍ കിരാതന്‍മാരുടെ ക്രൂരമായ ആക്രമണത്തിന് കുട്ടികള്‍ വിധേയരാകുന്നു. ശരീരം മുഴുവന്‍ കോമ്പസ് കൊണ്ട് വരയ്ക്കുക, ഫെവിക്കോള്‍ ഒഴിക്കുക, സ്വകാര്യ ഭാഗങ്ങളില്‍ ഭാരം കയറ്റി വയ്ക്കുക തുടങ്ങി കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ് ചെയ്യുന്നത്. അക്രമികള്‍ തന്നെയാണ് ഇതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. എത്ര ക്രൂരമായ മനസ്സുകളുടെ ഉടമകളായിരിക്കും ഇവര്‍?

ഹോസ്റ്റല്‍ വാര്‍ഡന് എന്താണ് ജോലി? അധ്യാപകരും പ്രിന്‍സിപ്പലും ഇതൊന്നും അറിഞ്ഞില്ലേ? ആരും അറിയാതെ ഇത്രയും ക്രൂരമായ അക്രമം ഹോസ്റ്റലില്‍ നടന്നു എന്നത് അവിശ്വസനീയമാണ്. ഇതുപോലുള്ള പ്രതികളെ സംരക്ഷിക്കാന്‍ ഇറങ്ങരുതെന്നാണ് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും പറയാനുള്ളത്. പൂക്കോട്ടെ സിദ്ധാർഥിന്റെ മാതാപിതാക്കള്‍ ഇപ്പോഴും മകന്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ്. പ്രതികള്‍ പരീക്ഷയും എഴുതി സന്തോഷമായി ആടിപ്പാടി അടുത്ത ഇരകളെയും അന്വേഷിച്ച് നടക്കുന്നു.

പൂക്കോടുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. പല കോളജുകളിലെയും യൂണിയന്‍ മുറികള്‍ ഇടിമുറികളാണ്. ആര്‍ക്കും സംഘടനാ പ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥ. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ച് ഇത്തരം സംഭവങ്ങള്‍ ഒരു ഹോസ്റ്റലുകളിലും ഇനി നടക്കില്ലെന്നത് ഉറപ്പാക്കണം. ഇല്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകും.– സതീശൻ പറഞ്ഞു.


Previous Post Next Post