ചെറുപ്പക്കാർ നടത്തുന്ന പേക്കൂത്തുകൾ അതിരുവിടുന്ന സംഭവങ്ങൾ
ചെറുപ്പക്കാർ നടത്തുന്ന പേക്കൂത്തുകൾ അതിരുവിടുന്ന സംഭവങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ടെങ്കിലും ഒരാൾ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. ഒട്ടേറെ കുടുംബങ്ങളെ കണ്ണീരിലും ദുരിതത്തിലുമാഴ്ത്തുന്ന ഇത്തരത്തിലുള്ള അഴിഞ്ഞാട്ടങ്ങളെയും അക്രമങ്ങളെയും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ പാടില്ല.
നീതിന്യായ സംവിധാനങ്ങൾ മുഖംനോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുകയും അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയുമാണ് വേണ്ടത്.
കേരളത്തിലെ ഭാവി തലമുറ ഇത്തരത്തിലായാൽ നാടിന്റെ ഗതി എന്താകുമെന്നതാണ് ആദ്യത്തേത്. കേരളത്തിന്റെ എല്ലാ നേട്ടങ്ങളെയും കണ്ടില്ലെന്ന് നടിച്ച് നിരന്തരം വിമർശനം മാത്രം അഴിച്ചുവിടുന്ന ഫാസിസ്റ്റ് ശക്തികൾക്ക് കുറ്റപ്പെടുത്താൻ വീണ്ടും ആയുധം നൽകുന്നു എന്നതാണ് രണ്ടാമത്തെ സംഗതി. ഇക്കാര്യങ്ങൾ ഭരണകൂടവും പൊലീസും മറ്റ് നിയമസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും യുവജന-ബഹുജനസംഘടനകളും അതീവഗൗരവത്തോടെ കാണുകയും വേണ്ട നടപടികളും പരിഹാരമാർഗങ്ങളും സ്വീകരിക്കുകയും വേണം.
നിസാര കാരണങ്ങളെച്ചൊല്ലിയാണ് വിവാഹവീടുകളിൽ ചെറുപ്പക്കാർ സംഘടിതമായെത്തി അക്രമങ്ങളും കലഹങ്ങളും അഴിച്ചുവിടുക. വിവാഹങ്ങൾ മുടങ്ങുന്ന തരത്തിലേക്ക് വരെ ഇത്തരത്തിലുള്ള സൗഹൃദക്ക്രൂരത കാരണമായിട്ടുണ്ട്.
ചെറുപ്പക്കാർ കേരളത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി നിലകൊള്ളേണ്ടതിന് പകരം അക്രമവും ഗുണ്ടായിസവും സ്വർണക്കടത്തും മയക്കുമരുന്ന് ഉപഭോഗവും തൊഴിലാക്കിയാൽ നാടിന്റെ മുന്നോട്ടുള്ള പോക്ക് എന്താകുമെന്ന് സമൂഹം ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട്. അടുത്തകാലത്തെ വാർത്തകളിൽ നിന്ന് കേരളത്തിൽ ഉടനീളം ഉണ്ടാകുന്ന അക്രമസംഭവങ്ങൾ അത്ര നല്ല സന്ദേശങ്ങളല്ല മുന്നോട്ടുവയ്ക്കുന്നത്. ഗുണ്ടാപ്രവർത്തനങ്ങളിലേക്ക് എത്തുന്ന ചെറുപ്പക്കാർ ഗ്രാമീണമേഖലകളിൽ പോലും അക്രമമഴിച്ചുവിടുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നു.
തോട്ടടയിലേതുപോലുള്ള കൊലപാതകങ്ങൾ എന്ന് ചെറുപ്പക്കാർ തിരിച്ചറിയണം. സമാധാനത്തിന്റെയും ശാന്തിയുടെയും അക്രമരാഹിത്യത്തിന്റെയും പാതയിലൂടെയാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തെ പുൽകിയത്. കേരളത്തിന്റെ വളർച്ച നവോത്ഥാന പ്രവർത്തനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ജനാധിപത്യചിന്തയുടെയും പൗരാവകാശ മുന്നേറ്റങ്ങളുടെയും അനന്തരഫലമാണ്.