പതിനേഴുകാരൻ ഓടിച്ച കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

 


പതിനേഴുകാരൻ   ഓടിച്ച കാർ ചായക്കടയിലേക്ക് പാഞ്ഞുകയറി;

 ഒരാൾ മരിച്ചു


ആലുവ∙പതിനേഴുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ടു ചായക്കടയിലേക്കു പാഞ്ഞുകയറി ഒരാൾ മരിച്ചു. 3 പേർക്കു പരുക്കേറ്റു. ആലുവ–എറണാകുളം ദേശീയപാതയിൽ മുട്ടം തൈക്കാവിനു സമീപം മെട്രോ പില്ലർ 191നു മുൻപിൽ രാവിലെ 7.45നായിരുന്നു അപകടം. കടയിൽ ചായ കുടിക്കാനെത്തിയ എടത്തല നൊച്ചിമ പള്ളിക്കുടി പി.എ. ബക്കർ (62) ആണു മരിച്ചത്. കളമശേരി റെയിൽവേ ഗുഡ്സ്ഷെഡിലെ ലോറി ഡ്രൈവറാണ്.
കൊടുങ്ങല്ലൂരിൽ നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന അഞ്ചംഗ സംഘത്തിന്റെ കാറാണ് അപകടമുണ്ടാക്കിയത്. പ്രായപൂർത്തിയായ ഒരാളേ കാറിൽ ഉണ്ടായിരുന്നുള്ളൂ. ഇവരുടെ സുഹൃത്തായ പത്തൊൻപതുകാരനാണയാൾ. മെട്രോ പില്ലർ 188നു മുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടതുവശത്തെ മീഡിയനിൽ തട്ടിയ ശേഷമാണു റോഡരികിലെ ചായക്കടയിലേക്കു പാഞ്ഞുകയറിയത്.

ചായക്കടയുടെ പുറത്തിരുന്നവർ കാറിന്റെ അപകടകരമായ വരവു കണ്ട് ഓടിമാറി. അകത്തേക്കു തിരിഞ്ഞിരുന്നു ചായ കുടിക്കുകയായിരുന്ന ബക്കർ അടക്കമുള്ളവർക്കു കാർ കാണാൻ കഴിഞ്ഞില്ല. ഗുരുതരമായി പരുക്കേറ്റ ബക്കർ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ശേഷമാണു മരിച്ചത്.

കാറിന്റെ ആർസി ഉടമ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി അബ്ദുൽ ഹക്കിമിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. അപകടം ഉണ്ടാക്കിയ കാർ 1.4 ലക്ഷം രൂപ നൽകി കഴിഞ്ഞ ദിവസമാണു ഹക്കിം വാങ്ങിയത്.   
أحدث أقدم