പഞ്ചറായ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ച് രണ്ടു മരണം


പഞ്ചറായ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ച് രണ്ടു മരണം


ആലപ്പുഴ; പിക്കപ് വാനിന്റെ പഞ്ചറായ ടയർ മാറ്റുന്നതിനിടെ പിന്നാലെ എത്തിയ ലോറി തട്ടി ഡ്രൈവറും സഹായത്തിനെത്തിയ വഴിയാത്രക്കാരനും മരിച്ചു. പിക്കപ് വാൻ ഡ്രൈവർ എറണാകുളം ശ്രീമൂലനഗരം തൃക്കണിക്കാവ് അമ്മുപ്പിള്ളി ബിജു (47), പട്ടണക്കാട് മോഴക്കാട്ട് നികർത്ത് വാസുദേവൻ (57) എന്നിവരാണു മരിച്ചത്. ദേശീയപാതയിൽ പൊന്നാംവെളി ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ പുലർച്ചെ 5ന് ആയിരുന്നു അപകടം.

ശുദ്ധജല ക്യാനുകളുമായി കൊച്ചിയിൽനിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്നു പിക്കപ് വാൻ. ഇതിനിടെ, പിന്നിലുള്ള വലതുവശത്തെ ടയർ പഞ്ചറായി. ബിജു ടയർ മാറ്റാൻ ശ്രമിക്കുമ്പോൾ സഹായിക്കാനെത്തിയതാണ് വാസുദേവൻ. ക്ഷേത്രദർശനം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന വാസുദേവൻ ബിജു ടയർ അഴിക്കുമ്പോൾ ടോർച്ച് തെളിച്ചു കൊടുക്കുകയായിരുന്നു.

ഇതിനിടെ, ചേർത്തല ഭാഗത്തേക്ക് കോൺക്രീറ്റ് ഇഷ്ടികയുമായി പോയ ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വാസുദേവൻ സംഭവസ്ഥലത്തും ബിജു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. വാസുദേവന്റെ തലയിൽ ലോറിയുടെ പിൻചക്രം കയറിയിറങ്ങിയതിനാൽ മണിക്കൂറുകൾക്കു ശേഷമാണ് ആളെ തിരിച്ചറിഞ്ഞത്. പട്ടണക്കാട് പൊലീസും ചേർത്തലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പ്രഭാത സവാരിക്കിറങ്ങിയ യുവാക്കളും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. 

أحدث أقدم