ഹരിദാസ് കൊല്ലപ്പെട്ടത്; പ്രാദേശികമായ പ്രശ്നം; ആർഎസ്എസിനു ബന്ധമില്ല: സുരേന്ദ്രൻ
കോഴിക്കോട്∙
തലശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ടത് പ്രാദേശികമായ
പ്രശ്നമാണെന്നും അതിൽ ബിജെപിക്കോ ആർഎസ്എസിനോ ബന്ധമില്ലെന്നും ബിജെപി
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തെക്കുറിച്ച് പൊലീസ് സമഗ്രമായ
അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് തലശേരി
മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത്
അംഗീകരിക്കാനാവില്ല. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സിപിഎം നടത്തിയ
കൊലപാതകങ്ങൾ മറച്ചുവയ്ക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്ണൻ ആർഎസ്എസിനെതിരെ രംഗത്ത് വന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹരിപ്പാട്
ആർഎസ്എസ് പ്രവർത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി
പ്രവർത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഎം ക്രിമിനലുകളാണ്. പിണറായി
വിജയന്റെ തുടർഭരണത്തിന്റെ ഹുങ്കിൽ സിപിഎം-സിഐടിയു-ഡിവൈഎഫ്ഐ-എസ്എഫ്ഐ
പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. കണ്ണൂരിൽ കഴിഞ്ഞ ദിവസം സിഐടിയു
പ്രവർത്തകർ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാൻ വന്നയാളെ
തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവൻ ചർച്ചയായിരുന്നു.
കണ്ണൂരിൽ
തന്നെ വിവാഹ ഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം
ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സിപിഎം
പ്രവർത്തകരായിരുന്നു. ഇതെല്ലാം മറച്ചുവയ്ക്കാനാണ് തലശേരി കൊലപാതകം
ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ
പറഞ്ഞു.