മാധ്യമ വിലങ്ങു് വരുന്നു ;അക്രഡിറ്റേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്കരിക്കുമ്പോൾ
നിലവിലുള്ള ഭരണ സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങളിലൂടെ ഏത് മാധ്യമ പ്രവര്‍ത്തകനെയും വിലക്കാവുന്ന സ്ഥിതിയാണ് സൃഷ്ടിക്കപ്പെടുക. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും കെട്ടിച്ചമക്കുന്ന ഏത് കാരണവും അക്രഡിറ്റേഷന്‍ വിലക്കുന്നതിന് വഴിയൊരുക്കും. മണിപ്പൂരില്‍ രണ്ട് വനിതാ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കശ്മീരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തങ്ങളുടെ വാര്‍ത്തകളുടെ പേരില്‍ ദേശദ്രോഹികളെന്ന് മുദ്ര കുത്തപ്പെട്ടവരാണ്. ഇതിന് സമാനമായ നിരവധി സംഭവങ്ങള്‍ അടുത്ത കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
പുതുക്കിയ മാധ്യമ അക്രഡിറ്റേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മുഖംമൂടിയിട്ട മാധ്യമ വിലക്കും ഭീഷണിയുമാണെന്ന് മാധ്യമ വിദഗ്ധരും സംഘടനകളും അഭിപ്രായപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തടയുന്നതാണ് നിര്‍ദേശങ്ങളെന്ന് ദേശീയ മാധ്യമ കൂട്ടായ്മയും ,കേരളപത്രപ്രവർത്തക അസോസിയേഷനും, ഡല്‍ഹി പത്ര പ്രവര്‍ത്തക യൂണിയനും കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കാവുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ആരോപണവും സംഘടനകള്‍ ഉന്നയിച്ചു.
ഡിജിറ്റല്‍ ന്യൂസ് മീഡിയയിലും ഒടിടി പ്ലാറ്റ്ഫോമിലും പ്രചരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ കണ്ടെത്തുന്നതിനും വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കുന്നതിനും വേണ്ടിയാണ് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
രാജ്യത്തിന്റെ ഐക്യതയേയും അഖണ്ഡതയേയും ബാധിക്കുന്നവ, പ്രതിരോധം, രാജ്യസുരക്ഷ, ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുക തുടങ്ങിയ വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തുക. 2000 ഐടി ആക്ടിലെ 69 എ പ്രകാരമാണ് ഇത്തരം വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുക