വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം

വെസ്റ്റിന്‍ഡീസിനെതിരായ  ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ആറ് വിക്കറ്റിനാണ് രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 43.5 ഓവറില്‍ 176ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 28 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ(60)യാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.

ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്തപ്പോള്‍ മുന്‍ നായകന്‍ വിരാട് കോലി (8), റിഷഭ് പന്ത് (11) എന്നിവര്‍ നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവ് (34*), പുതുമുഖം ദീപക് ഹൂഡ (26*) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. യുസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. സ്കോര്‍ പിന്തുടരുമ്പോള്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക ലഭിച്ചത്. പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഒന്നാം വിക്കറ്റില്‍ 84 റണ്‍സാണ് നേടിയത്.രോഹിത്താണ് ആദ്യം പുറത്തായത്.

അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ക്യാപ്റ്റന്‍. ക്യാപ്റ്റന്‍സി ഭാരമില്ലാതെയെത്തിയ കോലി ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. എട്ട് റണ്‍സ് മാത്രമെടുത്ത കോലിയെ അല്‍സാറി തന്നെയാണ് മടക്കിയത്. കിഷനും (28) റിഷഭ് പന്തും (11) അടുത്തടുത്ത ഓവറുകളില്‍ വിക്കറ്റ് കളഞ്ഞു. കിഷനെ അകെയ്ല്‍ ഹൊസൈന്‍ മടക്കിയപ്പോള്‍ പന്ത് റണ്ണൗട്ടാവുകയായിരുന്നു.

എന്നാല്‍ പിന്നീടൊത്തുച്ചേര്‍ന്ന സൂര്യകുമാറും ഹൂഡയും വിക്കറ്റ് നഷ്ടമാക്കാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ സ്പിന്‍ ജോടികളായ വാഷിങ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചാഹലുമാണ് വിന്‍ഡീസിനെ വരിഞ്ഞുകെട്ടിയത്. ചാഹലിനു നാലും വാഷിങ്ടണിനു മൂന്നും വിക്കറ്റുകള്‍ ലഭിച്ചു. ചാഹലിനു തല്ലും കിട്ടിയപ്പോള്‍ മികച്ച ഇക്കോണമി റേറ്റിലാണ് വാഷിങ്ടണ്‍ ബൗള്‍ ചെയ്തത്. വിന്‍ഡീസ് നിരയില്‍ 57 റണ്‍സെടുത്ത ജാസന്‍ ഹോള്‍ഡറാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.




أحدث أقدم