വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാവാനും" ശ്രീനാരായണഗുരു പഠിപ്പിച്ചതുപോലെ ആരും പഠിപ്പിച്ചില്ല

 


വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാവാനും"  ശ്രീനാരായണഗുരു പഠിപ്പിച്ചതുപോലെ  ആരും പഠിപ്പിച്ചില്ല ; ജി ആർ അനിൽ.


തിരുവനന്ത പുരം ;നെയ്യാറ്റിൻകര: കേരളത്തെ നാം ഇന്ന് കാണുന്നവിധം ജീവിതയോഗ്യമാക്കി എടുത്തത് ദീർഘകാലത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് എന്ന് എല്ലാവർക്കും അറിയാം. സർക്കാരും പ്രതിപക്ഷവും മാറി വരുന്നതുകൊണ്ട് അന്വേന്യ വിമർശനങ്ങളുണ്ടെങ്കിലും രാജ്യത്ത് മിക്ക നിലവാര സൂചികകളിലും സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങളും അവർ നേതൃത്വം നൽകുന്ന സർക്കാരുകളും ഈ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു. അവർക്ക് തീർച്ചയായും അതിന് അർഹതയുണ്ട്. മണ്ണിൽ പണിയെടുക്കുന്നവനെ മണ്ണിന്റെ ഉടയോൻ ആക്കിയതും അവന്റെ മക്കൾക്ക് നാവിൽ അക്ഷര വിദ്യ പകർന്നതും ആരാണെന്ന് ഞാൻ പറയാതെ നിങ്ങൾക്ക് അറിയാമല്ലോ. അക്ഷരം പഠിച്ചവന്റെ കാതിൽ ഈയമുരുക്കിയൊഴിച്ചിരുന്ന നാടാണ് ഇത് എന്ന കാര്യം ഓർമിക്കണം നാമെല്ലാം. ഇന്ത്യയിൽ എല്ലായിടത്തും ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണങ്ങളും ഉണ്ടായി. കേരളത്തിൽ മാത്രമല്ല. പക്ഷേ അതിന്റെ ഫലം അന്നാട്ടിലെ ജനങ്ങളിൽ എത്തിയതായി നാം കാണുന്നില്ല. അതാണ് കേരളം ഒന്നാമത് എന്ന് നാം പറയുന്നതിന് കാരണം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ? ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും ജനകീയ നിയമനിർമാണങ്ങൾ ഉണ്ടാവുകയും ചെയ്തപ്പോൾ ആർക്കുവേണ്ടിയാണോ ഉണ്ടായത് ആ ജനവിഭാഗങ്ങൾ അത് ഉപയോഗിക്കുവാൻ പ്രാപ്തരല്ലായിരുന്നു. അതുകൊണ്ടാണ്

"വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാവാനും" മലയാളികളെ ശ്രീനാരായണഗുരു പഠിപ്പിച്ചതുപോലെ അവിടങ്ങളിലെ മനുഷ്യരെ ആരും പഠിപ്പിച്ചില്ല. ഗുരു അടക്കമുള്ള നവോത്ഥാന നായകന്മാർ ഉഴുതുമറിച്ച മണ്ണിലാണ് സ്വാതന്ത്ര്യാനന്തരം കേരള രൂപീകരണത്തിന് ശേഷം ജനകീയ സർക്കാരുകൾ വിത്തിട്ടത് അത് നൂറുമേനി വിളഞ്ഞു എന്ന് നമ്മുടെ വിദ്യാഭ്യാസ പുരോഗതി, സാക്ഷരത, സാമൂഹിക സമത്വം എന്നിവയെല്ലാം സാക്ഷ്യപ്പെടുത്തുന്നു.

നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങൾക്കോ പ്രതിഷ്ഠകൾക്കോ ഒന്നും ഒരുകാലത്തും പഞ്ഞമൊന്നും ഉണ്ടായിട്ടില്ല. മനുഷ്യർക്ക് ആഹാരത്തിന് മാത്രമേ പഞ്ഞമുണ്ടായിട്ടുള്ളൂ. ഗുരു, പ്രതിഷ്ഠകൾ നടത്തിയത് ക്ഷേത്രം ഇല്ലാതെ വിഷമിച്ചിട്ട് അല്ല. അബ്രാഹ്മണന് പ്രതിഷ്ഠ നടത്താമെന്ന് കാണിക്കാനാണ്. അതുകൊണ്ടാണ് അതൊരു വിപ്ലവം ആയത്. അതുകൊണ്ടാണ് അത് നാം ഇന്നും ഓർമ്മിക്കേണ്ടത് എന്ന് അരുവിപ്പുറം ശിവരാത്രി മഹോത്സവത്തിൻ്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

 ശ്രീമദ് വിശാലാനന്ദ സ്വാമികൾ അദ്ധ്യക്ഷനായ സമാപന സമ്മേളനത്തിൽ ശ്രീമദ് സൂക്ഷ്മാനന്ദ സ്വാമികൾ, കെ ആൻസലൻ എം എൽഎ,          ആവണി ശ്രീകണ്ഠഠൻ, ടി കെ സുന്ദരേശൻ, അഡ്വ കെ സുധാകരൻ, ശ്രീമദ് ബോധി തീർത്ഥ സ്വാമികൾ തുടങ്ങിയവർ സംസാരിച്ചു.

أحدث أقدم