കെ റെയിലിനിനെതിരെ സുധാകരനും ,സതീശനും കോട്ടയത്ത് പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു

 

കോട്ടയം ; കെ റെയിലിനിനെതിരെ സുധാകരനും ,സതീശനും കോട്ടയത്ത് പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു ;കെ റെയിലിന് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്ക് ബാങ്കുകള്‍ വായ്പ കൊടുക്കുമെന്ന് പറയുന്ന സര്‍ക്കാരും പിണറായി വിജയനും ഈ നാടിനെ മുഴുവന്‍ കബളിപ്പിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രഖ്യാപനം മാത്രമാണിത്. ഒരു ബാങ്കും ലോണ്‍ കൊടുക്കാന്‍ തയാറാകില്ല. ഒരു പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ രേഖ വച്ച് ഏത് ബാങ്ക് ലോണ്‍ കൊടുക്കും? സില്‍വര്‍ ലൈന്‍ തട്ടിപ്പ്  പോലെ ലോണ്‍ കിട്ടുമെന്ന് പറഞ്ഞും മുഖ്യമന്ത്രി പാവങ്ങളെ വ്യാമോഹിപ്പിച്ച് കബളിപ്പിക്കുകയാണ്. ലോണ്‍ കൊടുക്കുമെന്ന് അറിയിച്ചിട്ടില്ലെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. നടക്കാത്ത പദ്ധതിയായ സില്‍വര്‍ ലൈന്‍ പോലെ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെയും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്.

ജനശക്തിക്ക് മുന്നില്‍ പട്ടാളവും തോക്കും തലതാഴ്ത്തിയിട്ടേയുള്ളൂ. കേരളത്തിലും അത് സംഭവിക്കും. സമര മുഖത്ത് എവിടം വരെ പോകാനും തയാറാണ്. അറസ്റ്റു ചെയ്യുകയോ നഷ്ടപരിഹാരം ഈടാക്കുകയോ ചെയ്‌തോട്ടെ. ഞങ്ങള്‍ ജയിലില്‍ പോകും. നാടിന്റെ അസ്ഥിത്വം തകര്‍ക്കുകയും ജനങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്ന കെ റെയില്‍ വരാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. പ്രായം ചെന്നവര്‍ പോലും സമരമുഖത്ത് സജീവമാണ്. കെ റെയില്‍ കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ എതിരാണ്. എന്നിട്ടും മനസിലാകുന്നില്ലെങ്കില്‍ ഇത് മുഖ്യമന്ത്രിയുടെ വാട്ടര്‍ ലൂ ആയിരിക്കും.

ഇത്രയേറെ പ്രതിഷേധം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി വീരസ്യം പറഞ്ഞു നടക്കുകയാണ്. അതു തന്നെയായിരുന്നു പണ്ട് ബംഗാളിലും. അവിടെ നന്ദിഗ്രാം സി.പി.എമ്മിന് വാട്ടര്‍ ലൂ ആയി. കെ റെയില്‍ പിണറായിക്ക് മറ്റൊരു വാട്ടര്‍ ലൂ ആകും. ബംഗാളില്‍ എന്താണോ സംഭവിച്ചത് അത് തന്നെ കേരളത്തിലും സംഭവിക്കും. സി.പി.എമ്മിന്റെ അവസാനത്തെ പച്ചത്തുരുത്തും നഷ്ടപ്പെടാന്‍ പോകുകയാണ്.

സി.പി.എമ്മുകാരന്റെ വീട്ടില്‍ കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസുകാരന്‍ ഒളിവില്‍ കഴിഞ്ഞതിന് സി.പി.എമ്മാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്തുള്ള സി.പി.എമ്മുകാരന്റെ വീട്ടില്‍ കൊലക്കേസ് പ്രതി അഭയം തേടിയതിന് പിന്നിലെ ഗൂഡാലോചന പൊലീസ് അന്വേഷിക്കണം. അതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് പുറത്ത് കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. എന്തിന് താമസിപ്പിച്ചു എന്നതിന് സി.പി.എം മറുപടി നല്‍കണം. എല്ലാ ക്രിമിനല്‍ രാഷ്ട്രീയത്തിന് മുന്നിലും നിന്ന പഴയൊരു സി.പി.എം നേതാവിന്റെ മകളുടെ വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. വീടിന് നേരെ ബോംബ് എറിഞ്ഞതും സി.പി.എമ്മുകാരാണ്. പിണറായി വിജയന്റെ വീടിനടുത്താണ് ബോംബേറുണ്ടായതെന്നും ഓര്‍ക്കണം. അതിനൊക്കെ മറുപടി പറയണം. അല്ലെങ്കില്‍ മറുപടി പറയാന്‍ ഇ.പി ജയരാജനെ ഏല്‍പ്പിക്കട്ടെ. അദ്ദേഹം എല്ലാത്തിനും മറുപടി പറയും.
കെ റെയില്‍ കുറ്റി പറിക്കുന്നവരുടെ പല്ല് പറിക്കാനുള്ള കഴിവൊന്നും കണ്ണൂരില്‍ ഇ.പി ജയരാജനില്ല. പല്ല് പോകുകയാണെങ്കില്‍ ആദ്യം പോകുന്നത് ജയരാജന്റെ പല്ലുകളായിരിക്കും. ജയരാജന് നാക്ക് മാത്രമെയുള്ളൂ, പണി കുറവാണ്. ശശിയെ മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് തിരിച്ചെടുത്തിരിക്കുന്നത്. നേരത്തെ ഉയര്‍ന്ന അരോപണങ്ങളും പരാതികളും തള്ളി അദ്ദേഹത്തെ കുറ്റവാളിയല്ലെന്ന് സി.പി.എം പ്രഖ്യാപിച്ചോ? പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സദാചാര ബോധം നഷ്ടപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇവിടെയുള്ളത്. സ്ത്രീകളുടെ മാനാഭിമാനം സംരക്ഷിക്കാന്‍ പ്രതിജ്ഞ പുതുക്കുന്ന സി.പി.എം ശശിയെ പോലുള്ളയാളെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിച്ചത് ആ പാര്‍ട്ടിയുടെ അപമാനത്തിന്റെ മുഖമാണ്.

പ്രതിപക്ഷ നേതാവ് 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് സംസ്ഥാനത്തെ ക്രമസമാധാനനില. വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യ സംഭവങ്ങളായി. ഗുണ്ടകളും മയക്കുമരുന്ന് സംഘങ്ങളും അഴിഞ്ഞാടുകയാണ്. എല്ലായിടത്തും സി.പി.എം നേതൃത്വമാണ് ഇതിനൊക്കെ പിന്തുണ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ നാട്ടില്‍, വീടിന് തൊട്ടടുത്ത് ബോംബ് എറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ പോലും സി.പി.എം ബോംബ് ഉണ്ടാക്കുകയാണ്. പിന്നെ എങ്ങനെയാണ് മുഖ്യമന്ത്രി കേരളത്തിലെ ക്രമസമാധാനം നിയന്ത്രിക്കുന്നത്? സ്വന്തം നാട്ടിലെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോംബ് ഉണ്ടാക്കുമ്പോഴാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്ത് നടക്കുന്ന ബോംബ് നിര്‍മ്മാണം പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. വര്‍ഗീയ കക്ഷികളെയെല്ലാം സി.പി.എം പ്രീണിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍.എസ്.എസുമായും എസ്.ഡി.പി.ഐയുമായും ബന്ധമുണ്ടാക്കി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കര്‍ശന നടപടികളാണ് വര്‍ഗീയ ശക്തികള്‍ക്കെതിരെ സ്വീകരിക്കേണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് അവിഹിതമായ ധാരണകള്‍ ഉണ്ടാക്കിയതിനാല്‍ ഈ വര്‍ഗീയ ശക്തിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കോ സി.പി.എം നേതൃത്വത്തിനോ കഴിയുന്നില്ല.

മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി വന്നതിന് ശേഷം പൊലീസില്‍ വരുത്തിയിരിക്കുന്ന മാറ്റം എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്? പ്രധാനപ്പെട്ട കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മാറ്റിയതിന് പിന്നിലെ വിവരങ്ങള്‍ പുറത്തു വരട്ടേ. പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ചുമതല ഏറ്റെടുത്ത ഉടനെ യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമവുമായി വന്നു. എന്തായാലും അത് അവസാനിച്ചത് യു.ഡി.എഫ് സുശക്തമാണ് എന്ന തീരുമാനത്തിലാണ്. ഇപ്പോള്‍ എല്‍.ഡി.എഫിലാണ് കുഴപ്പം. ഒന്നിലും ധാരണയില്ല. യു.ഡി.എഫ് കക്ഷികളുടെ പിന്നാലെ നടന്ന് നാണം കെട്ട് എല്‍.ഡി.എഫ് കണ്‍വീനറും കൂട്ടരും തിരിച്ചു പോയിരിക്കുകയാണ്. യു.ഡി.എപിന്റെ അടിത്തറ കൂടുതല്‍ വിപുലീകരിക്കും.

ഒരു ഭീഷണിക്ക് മുന്നിലും പൊലീസിന് മുന്നിലും കെ- റെയില്‍ വിരുദ്ധ സമരം മുട്ടുമടക്കില്ല. കോണ്‍ഗ്രസിനും യു.ഡി.എഫിനും സമരം ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചവരുണ്ട്. കേരളത്തില്‍ എവിടെയെല്ലാം കല്ലിടാന്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം ജനങ്ങള്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. അവിടെയെല്ലാം കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നു. സില്‍വര്‍ ലൈന്‍ കല്ലിടലുമായി ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ അനുവദിക്കില്ല. ഭീഷണിയൊക്കെ അവിടെ മതി. ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല. സമരവുമായി മുന്നോട്ടു പോകും. സര്‍ക്കാര്‍ പൗരപ്രമുഖരുമായി സംസാരിച്ചപ്പോള്‍ യു.ഡി.എഫ് ജനങ്ങളുമായാണ് സംസാരിച്ചത്. ഇപ്പോള്‍ മന്ത്രിമാര്‍ വീട് കയറുമെന്നാണ് പറയുന്നത്. ഈ പദ്ധതി നടപ്പാക്കിയാല്‍ കേരളം ഇരകളായി മാറുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. സ്വന്തം സംസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു മലയാളിയും കൂട്ടുനില്‍ക്കില്ല. അവര്‍ യു.ഡി.എഫിനൊപ്പമുണ്ടാകും.
أحدث أقدم