സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണം;സുരേന്ദ്രന്‍


സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണം;സുരേന്ദ്രന്‍

കൊച്ചി : സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ജനവികാരത്തിന് മുമ്പില്‍ മുട്ടു മടക്കിയത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകള്‍ക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയുകയും പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്യണം. സില്‍വര്‍ലൈന്‍ വിഷയം ഉയര്‍ത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സില്‍വര്‍ലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാര്‍ക്ക് ബോധ്യമായതായും സുരേന്ദ്രന്‍ പറഞ്ഞു

പിടിവാശി ഒഴിവാക്കി ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷന്‍ അടിക്കാനാവരുത്. കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാന്‍ ആരെയും കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ല. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സില്‍വര്‍ലൈനിന്റെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയായത്. ഇവര്‍ക്ക് നീതി ലഭിക്കണം. ജനങ്ങളുടെ ആശങ്ക ഒഴിയും വരെയും ബിജെപി സമരരംഗത്തുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം. ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

 

أحدث أقدم