കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്

 

കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് 
പിതൃ പൂജയും ബലി കര്‍മ്മവും 28 ന്


പത്തനംതിട്ട (കോന്നി )  : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന് നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി.

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ജൂലൈ 28 ന് വെളുപ്പിനെ 5 മണി മുതല്‍ തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്‍കോവിലെ സ്നാന ഘട്ടത്തില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണവും നടക്കും. പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും.

 രാവിലെ നാല് മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം .4.30 മുതല്‍ ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ ,5 മണി മുതല്‍ കര്‍ക്കടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ച് കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും പർണ്ണ ശാലയില്‍ വിശേഷാല്‍ പൂജകള്‍ നടക്കും . തുടര്‍ന്ന് കര്‍ക്കടക വാവ് ബലി കര്‍മ്മവും സ്നാനവും നടക്കും . രാവിലെ 8.30 ന് കല്ലേലി അപ്പൂപ്പനും കല്ലേലി അമ്മൂമ്മയ്ക്കും പ്രഭാത വന്ദനം 9 മണിയ്ക്ക് നിത്യ അന്നദാനം 10 മണിയ്ക്ക് ആദ്യ ഉരു മണിയന്‍ പൂജ , ഹരി നാരായണ പൂജ , 11.30 ന് നിവേദ്യ പൂജ , വൈകിട്ട് 6.30 ന് സന്ധ്യാ വന്ദനം ദീപ നമസ്ക്കാരം തുടര്‍ന്ന് വാവൂട്ട് ചടങ്ങുകള്‍ നടക്കും .


പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ദുരന്ത നിവാരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യം ,റവന്യൂ ,വനം ,പോലീസ് ,എക്സൈസ് ,ഫയര്‍ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സേവനം കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും ഏകോപിപ്പിക്കും .കോന്നിയില്‍ നിന്ന് കെ എസ് ആര്‍ ടി സി യുടെ സ്പെഷ്യല്‍ ബസുകള്‍ കല്ലേലി അപ്പൂപ്പന്‍ കാവിലേക്ക് സര്‍വ്വിസ് നടത്തും എന്ന് കാവ് അധ്യക്ഷന്‍ അഡ്വ : സി വി ശാന്ത കുമാര്‍ അറിയിച്ചു
أحدث أقدم