പ്രതിച്ഛായ തകർക്കാൻ നിരന്തര ശ്രമം’: രാഹുലിനെതിരെ പരോക്ഷ വിമർശനവുമായി മോദി

 

പ്രതിച്ഛായ തകർക്കാൻ നിരന്തര ശ്രമം’: രാഹുലിനെതിരെ പരോക്ഷ വിമർശനവുമായി മോദി


ഭോപാൽ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്നും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിനു ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നടന്ന പൊതുസമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാഹുലിനെ ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കിയതിലും ഇക്കാര്യത്തിൽ ജർമൻ വിദേശകാര്യ വക്താവ് പ്രതികരിച്ചതിലും യുകെയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ കോൺഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.


‘‘2014 മുതൽ നമ്മുടെ രാജ്യത്ത് ചിലരുണ്ട്. പരസ്യമായി സംസാരിക്കുകയും മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് ദൃഢനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്ത ചിലർ. ഇതിനായി അവർ വിവിധ ആളുകൾക്ക് ‌കരാർ നൽകിയിട്ടുണ്ട്. ഇവരെ പിന്തുണയ്ക്കാൻ ചിലർ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്നു. ഈ ആളുകൾ തുടർച്ചയായി മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാനും കളങ്കപ്പെടുത്താനും ശ്രമിക്കുന്നു. എന്നാൽ ഇന്ത്യയിലെ ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ദലിതരും പിന്നോക്കക്കാരും ഉള്‍പ്പെടെ ഓരോ ഇന്ത്യക്കാരനും മോദിയുടെ സുരക്ഷാ കവചമായി മാറിയിരിക്കുന്നു. ഇത് അവരെ രോഷാകുലരാക്കുകയും പുതിയ തന്ത്രങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു’’– അദ്ദേഹം പറഞ്ഞു.


أحدث أقدم