തിരുവനന്തപുരത്തു സൈനികരുടെ കൂട്ടായ്മയും ‘സപ്ത’ യുടെ ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനവും
തിരുവനന്തപുരം; ജില്ലയിലെ ആദ്യത്തെ സൈനിക കൂട്ടായ്മയായ ‘സപ്ത’ പുതുതായി പണി കഴിപ്പിച്ച ഓഫീസ് മന്ദിരത്തിന്റെ ഉത്ഘാടന കർമ്മം നടന്നു. പാങ്ങോട് ആർമി കണ്ടോൺമെന്റിലെ രണ്ടാം കേരള ബറ്റാലിയൻ NCC ഓഫീസിന് പുറക് വശത്തായി രണ്ട് നിലകളിലായാണ് 1000 Sq Ft ലധികം വരുന്ന ഓഫീസ് കെട്ടിടം പണി കഴിപ്പിച്ചത്. സംഘടനയുടെ പ്രസിഡന്റ് ശ്രീ ജയ് കുമാർ SK അധ്യക്ഷനായിരുന്ന ചടങ്ങിൽ കേരള NCC ഹെഡ് ക്വാർട്ടേഴ്സ് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ ഉത്ഘാടകനും മുഖ്യാഥതിയുമായിരുന്നു.
വട്ടിയൂർക്കാവ് MLA, Adv വികെ പ്രശാന്ത്,പ്രശസ്ത പിന്നണി ഗായിക പ്രമീള,വാർഡ് കൗൺസിലർ പദ്മലേഖ,ഫ്ലവേഴ്സ് TV സൂപ്പർ സിംഗർ ഗായിക സർഗ്ഗ തുടങ്ങി ഒട്ടനവധി പ്രമുഖർ ചടങ്ങിന് സാക്ഷികളായി. ചടങ്ങിൽ വച്ച് കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന ബാല മന്ദിരത്തിലേയ്ക്ക് ധനസഹായവും വനവാസി കുട്ടികൾ പഠിക്കുന്ന കോട്ടൂർ അഗസ്ത്യ കുടീരത്തിലേയ്ക്ക് പഠനോപകരണങ്ങളും നൽകി.കൂടാതെ ഈ വർഷം സൈനിക സേവനം കഴിഞ്ഞ് ജന്മ നാട്ടിൽ തിരിച്ചെത്തിയ വിമുക്ത ഭടന്മാരെയും സംഘടനയുടെ മുതിർന്ന അംഗമായ ശ്രീ രാജശേഖരൻ നായർ അവർകളെയും ആദരിക്കുകയും ചെയ്തു.സപ്തയുടെ ചെയർമാൻ ശ്രീ സുരേഷ് കുമാർ നന്ദി പ്രമേയം അവതരിപ്പിച്ചതോടെ സപ്തയുടെ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ 100 ലധികം പേർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിന് സമാപനമായി.